National
ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഇന്നു കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയാറെടുപ്പുകൾ ശക്തിപ്പെടുത്താനായെത്തുന്ന നിതിൻ എറണാകുളം, തൃശൂർ ജില്ലകളിലെത്തി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, നിയമസഭാ മണ്ഡലം ഭാരവാഹികൾ, എൻഡിഎ ഘടകകക്ഷികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തുന്ന നിതിൻ താജ് ഹോട്ടലിൽ നടക്കുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. പിന്നീട് എറണാകുളം, ആലപ്പുഴ റവന്യു ജില്ലയിലെ ബൂത്ത് പ്രസിഡന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന നിതിൻ പാലാരിവട്ടത്ത് ബിജെപിയുടെ സംസ്ഥാന നേതൃനിരയോഗത്തിൽ പങ്കെടുത്തതിനുശേഷം വിവിധ എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
നാളെ കാലടിയിലെ ആദി ശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചതിനുശേഷം തൃശൂരിലെ വിവിധ ബിജെപി പരിപാടികളിലും പങ്കെടുക്കും.
Kerala
തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്നു പറഞ്ഞു വന്നവർ എല്ലാം തുലച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പത്തു വർഷത്തെ ഭരണംകൊണ്ട് 22 ലക്ഷം കോടി രൂപ കേരളത്തിൽ വെറുതെ നശിപ്പിച്ചവരുടെ അവസാനത്തെ പ്രകടനമാണ് കേരള ബജറ്റ് എന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ കേരളത്തിൽ തൊഴിൽ വർധനയ്ക്കോ വ്യവസായ മുന്നേറ്റത്തിനോ പിണറായി സർക്കാരിനെക്കൊണ്ടു കഴിഞ്ഞിട്ടില്ല. 2014ൽ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സർക്കാർ അവസാനം നടത്തിയ വാഗ്ദാന പെരുമഴ പോലെയാണ് ഇപ്പോൾ കേരളത്തിൽ എൽഡിഎഫ് നടത്തിയിരിക്കുന്നത്.
ഉള്ള തൊഴിലാളികൾക്കുപോലും ശന്പളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള കാര്യത്തിൽ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത്. ബജറ്റിൽ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന റെയിൽ പദ്ധതി വെറും വാഗ്ദാനം മാത്രമാണ്.
കേന്ദ്രസർക്കാർ ശരിയായ പ്ലാനിംഗ് നടത്തിയാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്‍ഹി: ബിജെപി പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നിതിന്‍ നബിന് ഡല്‍ഹിയിലെ വിവിധ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തി. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ അദ്ദേഹം ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനകള്‍ക്കായി വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചത്.
ഡല്‍ഹിയിലെ ത്സണ്ഡേവാലന്‍ ക്ഷേത്രം, കൊണാട്ട് പ്ലേസിലെ പ്രശസ്തമായ ഹനുമാന് മന്ദിര്‍, പഞ്ച്കുയാന്‍ റോഡിലുള്ള പ്രാചീന വാല്മീകി മന്ദിര്‍ എന്നിവിടങ്ങളിലും ഡല്‍ഹിയിലെ പ്രശസ്തമായ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തിയത്. ജെ.പി. നദ്ദയ്ക്ക് പകരക്കാരനായി എതിരില്ലാതെയാണ് 45-കാരനായ നിതിന്‍ നബിന് ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും. ബിഹാറില്‍ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന്റെ അധ്യക്ഷ പദവി പാര്‍ട്ടിയിലെ ഒരു തലമുറ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
National
ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ നബീൻ സിൻഹ ചൊവ്വാഴ്ച ചുമതലയേൽക്കും. നിലവിൽ ബിജെപിയുടെ ആക്ടിംഗ് പ്രസിഡന്റായ നിതിൻ 19ന് നാമനിർദേശ പത്രിക സമർപ്പിക്കും. പിറ്റേദിവസമാണു തെരഞ്ഞെടുപ്പ്. മറ്റൊരു സ്ഥാനാർഥിയും മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ എതിരില്ലാതെ നിതിൻ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും.
ബിജെപിയുടെ തലമുറമാറ്റം എന്ന രീതിയിലാണു ബിഹാർ മുൻ മന്ത്രിയായ നിതിൻ രാജ്യത്തിന്റെ ഭരണകക്ഷിയുടെ അധ്യക്ഷസ്ഥാനമേറ്റെടുക്കുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷസ്ഥാനമേറ്റെടുക്കുന്ന നിതിന്‍ ചുമതലയേറ്റെടുക്കുന്ന വർഷംതന്നെ പരീക്ഷണങ്ങളും നേരിടണം.
ഈ വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു മികച്ച വിജയം നേടുകയെന്ന വലിയ അഗ്നിപരീക്ഷയാണ് നിതിനുമുന്നിലുള്ളത്.
തെക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലുമായി അഞ്ചിടങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പുകൾ. ഇവയിൽ ബിജെപി അധികാരത്തിലിരിക്കുന്നത് ആസാമിൽ മാത്രമാണെന്നത് നിതിന്റെ വെല്ലുവിളി വർധിപ്പിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഭരണമുന്നണിയുടെ സഖ്യകക്ഷിയാണ് ബിജെപിയെങ്കിലും പശ്ചിമബംഗാളും തമിഴ്നാടും കേരളവും ബിജെപിക്ക് ബാലികേറാമലയാണ്. എന്നാൽ, ബിജെപിക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത ഈ സംസ്ഥാനങ്ങളിൽ നിതിന്റെ യുവത്വത്തിന്റെ കരുത്തിൽ കൈയും മെയ്യും മറന്നു പോരാടാമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്.
തെക്കേ ഇന്ത്യയിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കുകയെന്നതാണ് നിതിന്റെ മുൻഗണനകളിലൊന്ന്.
തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വെല്ലുവിളിക്കാനായി ഭരണവീഴ്ചകൾ തുറന്നുകാട്ടിയുള്ള 90 ദിവസത്തെ പ്രചാരണപരിപാടികൾ നിതിൻ പ്രഖ്യാപിച്ചുകഴിഞ്ഞു.
പാർട്ടി ഇതുവരെയും ഭരണം നേടിയിട്ടില്ലാത്ത ബംഗാളിലും കേരളത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വർധിപ്പിച്ചിട്ടുള്ള വോട്ട് ശതമാനം നിയമസഭാസീറ്റുകളായി പരിവർത്തനം ചെയ്യാമെന്നും പുതിയ അധ്യക്ഷൻ കണക്കുകൂട്ടുന്നുണ്ട്.
നബീന്റെ സ്ഥാനമേറ്റെടുക്കലിനു പിന്നാലെ പുതിയൊരു സംഘടനാടീമിനെയും ബിജെപി നേതൃത്വം പ്രഖ്യാപിച്ചേക്കാം. സീനിയോറിറ്റി മാത്രം കണക്കിലെടുക്കാതെ പ്രവർത്തനക്ഷമത കൂടി പരിഗണിച്ചാണ് എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ ടീമിനെ നേതൃത്വം തെരഞ്ഞെടുപ്പിനുമുന്പ് പ്രഖ്യാപിക്കുക.
National
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കുന്നതിന് വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ തടയണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി. നഡ്ഡ.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ തെരഞ്ഞെടുപ്പു കമ്മീഷനെയും കോടതികളെയും പ്രതിപക്ഷം ദുർബലപ്പെടുത്തരുതെന്നും രാജ്യസഭയിൽ ഇന്നലെ തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ച അവസാനിപ്പിച്ചു നടത്തിയ പ്രസംഗത്തിൽ നഡ്ഡ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് യന്ത്രങ്ങളെയും (ഇവിഎം) ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസും പ്രതിപക്ഷവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്യസഭാനേതാവ് കൂടിയായ നഡ്ഡ ആരോപിച്ചു.
വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ കർത്തവ്യമാണ്. രാജ്യത്തെ യോഗ്യരായ ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ല. പൗരന്മാർ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഒഴിവാക്കേണ്ടതു ജനാധിപത്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. അനധികൃതവും മരിച്ചുപോയവരും അടക്കമുള്ള വോട്ടർമാരെ 2010 മുതൽ ഇല്ലാതാക്കുന്നത് നടന്നിട്ടില്ലാത്തതിനാൽ എസ്ഐആർ നടപ്പിലാക്കേണ്ടത് കൂടുതൽ പ്രധാനമാണെന്നും നഡ്ഡ പറഞ്ഞു.
വോട്ടർപട്ടികയെക്കുറിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും നഡ്ഡ ആരോപിച്ചു. ലോക്സഭയിലെ ചർച്ചയുടെ അവസാനം ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ അതേ രീതിയിലായിരുന്നു കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തിയുള്ള നഡ്ഡയുടെ പ്രസംഗം.